|
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) സ്ഥാപക നേതാവും, അമേരിക്കയിലെ അറിയപ്പെടുന്ന സമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകനുമായ ഏബ്രഹാം കാഞ്ചിയുടെ ആകസ്മിക വേര്‍പാടില്‍ എസ്.എം.സി.സി നാഷണല്‍ ബോര്‍ഡിന്റേയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടേയും സംയുക്തയോഗം അഗാധമായ ദു:ഖം രേഖപ്പെടുത്തി.
ഏബ്രഹാം കാഞ്ചി, എസ്.എം.സി.സിയുടെ നാഷണല്‍ ട്രഷറര്‍, വൈസ് ചെയര്മാന് തുടങ്ങിയ പദവികളില്‍ സേവനം അനുഷ്ഠിക്കുകയും, സംഘടനയ്ക്ക് അമേരിക്കയിലെ, വിവിധ ദേവാലയങ്ങളില്‍ ചാപ്റ്ററുകള്‍ ആരംഭിക്കുന്നതിന് അക്ഷീണം പ്രയത്നിച്ച വ്യക്തിയുമാണെന്ന് എസ്.എം.സി.സി നാഷണല്‍ പ്രസിഡന്റ് പോള്‍ കൂള അനുശോചന യോഗത്തില്‍ പറഞ്ഞു. നാഷണല്‍ സെക്രട്ടറി ജോസഫ് കാഞ്ഞമല അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍, ഏബ്രഹാം കാഞ്ചി, എസ്.എം.സി.സിയ്ക്കും, സീറോ മലബാര്‍ സഭയ്ക്കും നല്‍കിയിട്ടുള്ള സ്തുത്യര്‍ഹമായ സേവനങ്ങളെ പ്രത്യേകം അനുസ്മരിച്ചു.
കാഞ്ചിയുടെ നിര്യാണം സഭയ്ക്കും, സമൂഹത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ വരുംതലമുറയിലും സ്മരണീയമായിരിക്കുമെന്നും നാഷണല്‍ ബോര്‍ഡ് ചെയര്മാന് സേവി മാത്യു (ഫ്ളോറിഡ) പറഞ്ഞു. കാഞ്ചിയുടെ മരണത്തിലൂടെ അടുത്ത സുഹൃത്തിനേയും, മികച്ച സംഘാടകനേയുമാണ് നഷ്ടപ്പെട്ടതെന്ന് മുന്‍ ബോര്‍ഡ് ചെയര്‍മാനും, സ്ഥാപകനേതാക്കളില്‍ ഒരാളുമായ ഡോ. ഉമ്മന്‍ ജേക്കബ് (ഷിക്കാഗോ) പ്രത്യേകം അനുസ്മരിച്ചു. എസ്.എം.സി.സി നേതാക്കളായ തോമസ് എം. തോമസ് (ന്യൂജേഴ്സി), ജോയി കുറ്റിയാനി (ഫ്ളോറിഡ), ക്ലാര ജോബ് (ന്യൂയോര്‍ക്ക്), ജോര്‍ജ്കുട്ടി പുല്ലാപ്പള്ളി (ലോസ്ആഞ്ചലസ്), ലൈസി അലക്സ് (റോക്ലാന്റ്), മാത്യു തോയല്‍ (ലോംഗ്ഐലന്റ്), ഏലിക്കുട്ടി ഫ്രാന്‍സീസ് (ഡാലസ്), തോമസ് പാലത്തറ (സ്റ്റാറ്റന്‍ഐലന്റ്), സിറിയക് കുര്യന് (ന്യൂജേഴ്സി), ജോജോ തോമസ് (ലോംഗ്ഐലന്റ്) എന്നിവര്‍ കാഞ്ചിയുടെ സേവനങ്ങളെ അനുസ്മരിച്ച് സംസാരിച്ചു.
എസ്.എം.സി.സി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ തന്റെ അനുശോചന പ്രസംഗത്തില്‍, കാഞ്ചി അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് നല്കിയ സംഭാവനകളെ പ്രകീര്‍ത്തിക്കുകയും, അദ്ദേഹത്തിന്റം വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുകയും ചെയ്തു.
ഓഗസ്റ്റ് രണ്ടാംതീയതി തിങ്കളാഴ്ച ലാസ്വേഗസില് നടക്കുന്ന ശവസംസ്കാര ചടങ്ങില്‍ എസ്.എം.സി.സി പ്രസിഡന്റ് പോള്‍ കൂള, ട്രഷറര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി തുടങ്ങിയവര്‍ എസ്.എം.സി.സിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതായിരിക്കുമെന്ന് യോഗം അറിയിച്ചു.പി.ആര്.ഒ ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്. |