മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
ബാംഗഌര്: ബാംഗ്ളൂര്‍ സ്ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട് പി.ഡി.പി. നേതാവ് അബ്ദുന്നാസര്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റിയത്. നേരത്തെ ഈ മാസം 22ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴും പ്രോസിക്യൂഷന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടികള്‍ 29ലേയ്ക്ക് മാറ്റിയത്.
കേസില്‍ നിലപാട് അറിയിക്കുന്നത് വൈകുന്നതില്‍ ഹൈക്കോടതി കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ചു. മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഇനിയും മാറ്റിവയ്ക്കാനാകില്ലെന്നും ചൊവ്വാഴ്ച തന്നെ നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു. ഈ മാസം 12നാണ് മഅദനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.