മുംബൈ ആക്രമണത്തില്‍ ഐ.എസ്.ഐ.യുടെ പങ്ക് യു.എസ്. അന്വേഷിക്കുന്നു
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് ചാരസംഘടന ഐ.എസ്.ഐ.യ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി അമേരിക്ക വെളിപ്പെടുത്തി. ഐ.എസ്.ഐ. പങ്ക് വഹിച്ചുവെന്ന വാദത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കന്‍ അന്വേഷണം. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഐ.എസ്.ഐ. പങ്കാളിയായെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവങ്കര്‍ മേനോനും ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയും പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്ന് പേരുവെളിപ്പെടുത്താത്ത യു.എസ്. ഉദ്യോഗസ്ഥന് പി.ടി.ഐ.യോട് പറഞ്ഞത്.
'ലഷ്കര്‍ ഇ തൊയ്ബ' ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലിയെ ചോദ്യം ചെയ്തതില്‍ നിന്നു മാത്രമല്ല ഐ.എസ്.ഐ.യുടെ പങ്ക് വ്യക്തമായത്. ഇന്ത്യയുടെ അന്വേഷണഫലങ്ങള്‍ യു.എസ്.അധികൃതര്‍ക്ക് കൈമാറിയതും കാരണമാണ്- അദ്ദേഹം പറഞ്ഞു. എന്നാല്‍ ഐ.എസ്.ഐ.യ്ക്ക് പങ്കുണ്ടെന്നത് പാകിസ്താന് ആവര്‍ത്തിച്ചു നിഷേധിക്കുകയാണ്.
യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയിംസ് ജോണ്‍സ് അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രശ്നം ഇന്ത്യന്‍ അധികൃതര്‍ ഉന്നയിച്ചിരുന്നു. ഒബാമ ഭരണകൂടം മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ നിലപാടിന് കൂടുതല്‍ പരിഗണന നല്‍കുന്നുണ്ട്. അതിന്റെ ഭാഗമായാണ്, മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഇന്ത്യയ്ക്ക് വിശ്വസനീയമായ വിധത്തില്‍ നടപടിയെടുത്തിരിക്കണമെന്ന് പാക് നേതൃത്വത്തിന് നല്കിയ നിര്‍ദേശം.
ഈ സന്ദേശം ബോധ്യമാവുന്ന തരത്തിലും ശക്തമായും അവതരിപ്പിച്ചുവെന്ന് ജോണ്‍സ് തന്നെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന അമേരിക്കന്‍ സൈനിക രഹസ്യരേഖകളും വ്യക്തമാക്കുന്നത് ഭീകര സംഘടനകളുമായി പാകിസ്താനും ഐ.എസ്.ഐ.ക്കും രഹസ്യ ബന്ധങ്ങളുണ്ട് എന്നുതന്നെയാണ്.